Skip to content

അതിശക്തം മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഡൽഹി ക്യാപിറ്റൽസിനെയാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. 8 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ കുറിച്ചത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. ഓപ്പണർമാരായ യാസ്തിക ഭാട്ടിയ 32 പന്തിൽ 41 റൺസും ഹെയ്ലി മാത്യൂസ് 31 പന്തിൽ 32 റൺസും നേടി പുറത്തായപ്പോൾ നാറ്റ് സ്കിവർ 23 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 11 റൺസും നേടി പുറത്താകാതെ നിന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും 200 മുകളിൽ റൺസ് നേടിയ ഡൽഹി ക്യാപിറ്റൽസിന് മുംബൈ ഇന്ത്യൻസിനെതിരെ 18 ഓവറിൽ 105 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 41 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങും 18 പന്തിൽ 25 റൺസ് നേടിയ ജെമിമ റോഡ്രിഗസും മാത്രമാണ് ഡൽഹിക്ക് വേണ്ടി തിളങ്ങിയത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ഇംഗ്ലണ്ട് പേസർ ഇസി വോങ്, ഇന്ത്യൻ താരം സൈക ഐഷക്, വിൻഡീസ് താരം ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. മറ്റന്നാൾ ഗുജറാത്ത് ജയൻ്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം. ഞായറാഴ്ച യു പി വാരിയേഴ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.