ബോർഡർ ഗവാസ്‌കർ ട്രോഫി അഹമ്മദാബാദ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് നേടിയിട്ടുണ്ട്. 180 റൺസ് നേടിയ ഉസ്മാൻ ഖവാജയും 6 റൺസ് നേടിയ നേതൻ ലയണുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്.
രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും നേടാൻ സാധിക്കാതിരുന്ന ഇന്ത്യ രണ്ടാം സെഷനിൽ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ മൂന്ന് വിക്കറ്റും നേടിയത് രവിചന്ദ്രൻ അശ്വിനായിരുന്നു. 170 പന്തിൽ 114 റൺസ് നേടിയ കാമറോൺ ഗ്രീനിനെ പുറത്താക്കികൊണ്ടാണ് അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത്. പിന്നാലെ അലക്‌സ് കാരിയെ പൂജ്യത്തിനും 6 റൺസ് നേടിയ സ്റ്റാർക്കിനെയും അശ്വിൻ പുറത്താക്കി.
നേരത്തെ ആദ്യ ദിനത്തിൽ ട്രാവിസ് ഹെഡിൻ്റെ വിക്കറ്റും അശ്വിൻ നേടിയിരുന്നു. അശ്വിനൊപ്പം രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തിയത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.