Skip to content

ഗ്രേസ് ഹാരിസ് ദി ഹീറോ. ആവേശപോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് യു പി വാരിയേഴ്സ്

വുമൺസ് പ്രീമിയർ ലീഗിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ആവേശവിജയം കുറിച്ച് യു പി വാരിയേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 3 വിക്കറ്റിൻ്റെ ആവേശവിജയമാണ് യു പി കുറിച്ചത്.

26 പന്തിൽ പുറത്താകാതെ 7 ഫോറും 3 സിക്സുമടക്കം 59 റൺസ് നേടിയ ഗ്രേസ് ഹാരിസിൻ്റെ മികവിലാണ് തകർപ്പൻ വിജയം യു പി കുറിച്ചത്. അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ 2 ഫോറും 2 സിക്സും അടക്കം 24 റൺസ് അടിച്ചുകൂട്ടിയാണ് ഒരു പന്ത് ബാക്കിനിൽക്കെ ഗ്രേസ് ഹാരിസ് ടീമിനെ വിജയതിലെത്തിച്ചത്. ഒരു ഘട്ടത്തിൽ 105 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് യുപി നടത്തിയത്.

43 പന്തിൽ 53 റൺസ് നേടിയ കിരൺ നാവ്ഗയറും 12 പന്തിൽ 22 റൺസ് നേടിയ സോഫി എക്സെസ്സ്റ്റോണുമാണ് ഗ്രേസ് ഹാരിസിന് പുറമെ യു പി വാരിയേഴ്സ് നിരയിൽ തിളങ്ങിയത്. ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി കിം ഗാർത് നാലോവറിൽ 36 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് 32 പന്തിൽ 46 റൺസ് നേടിയ ഹർലീനെ ഡിയോൾ, 19 പന്തിൽ 25 റൺസ് നേടിയ ഗാർഡ്നർ, 13 പന്തിൽ 21 റൺസ് നേടിയ ഹേമലത എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് ഗുജറാത്ത് ജയൻ്റ്‌സ് നേടിയത്.