Skip to content

അഞ്ച് വിക്കറ്റുമായി ഡൽഹിയുടെ അമേരിക്കൻ താരം. ആർ സീ ബിയ്ക്ക് തോൽവിയോടെ തുടക്കം

വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹിയുടെ യു എസ് എ ബൗളർ ടാറ നോറിസിൻ്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം കുറിച്ചത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 224 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ആർ സീ ബിയ്ക്ക് വേണ്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന 23 പന്തിൽ 35 റൺസും എലിസ് പെറി 19 പന്തിൽ 31 റൺസും ഹെതർ നൈറ്റ് 21 പന്തിൽ 34 നേടി.

നാലോവറിൽ 29 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ടാറ നോറിസാണ് ആർ സീ ബിയെ തകർത്തത്. ആലിസ് കാപ്സെ രണ്ട് വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 223 റൺസ് അടിച്ചുകൂട്ടിയിരുന്നു. 45 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ ഷഫാലി വർമ്മ, 43 പന്തിൽ 14 ഫോറടക്കം 72 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങ് എന്നിവരുടെ മികവിലാണ് ഡൽഹി വമ്പൻ സ്കോർ കുറിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 162 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

മറിസാനെ കാപ്പ് 17 പന്തിൽ പുറത്താകാതെ 39 റൺസും ജെമിമാ റോഡ്രിഗസ് 15 പന്തിൽ പുറത്താകാതെ 22 റൺസും നേടി.