Skip to content

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് നേടിയത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ ഈ വിജയത്തോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ്.

നീണ്ട 11 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് വിജയം നേടുന്നത്. ട്രെൻഡ് ബോൾട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 2011 ൽ നടന്ന ഹൊബാർട് ടെസ്റ്റിലാണ് ഇതിനുമുൻപ് അവസാനമായി ന്യൂസിലൻഡ് വിജയം കുറിച്ചിരുന്നത്. പിന്നീട് നടന്ന 15 മത്സരങ്ങളിൽ പതിനാലിലും ഓസ്ട്രേലിയ വിജയം നേടിയിരുന്നു. ഒരു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ഇപ്പോഴിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ട് കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയൻ മണ്ണിലെ കിവികളുടെ ആദ്യ വിജയം കൂടിയാണിത്.

മത്സരത്തിൽ 92 റൺസ് നേടിയ കോൺവേ, 42 റൺസ് നേടിയ ഫിൻ അലൻ എന്നിവരുടെ മികവിൽ ന്യൂസിലൻഡ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 17.1 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയതിനൊപ്പം മികച്ച നെറ്റ് റൺ റേറ്റ് സ്വന്തമാക്കാനും ന്യൂസിലൻഡിന് സാധിച്ചു.