Skip to content

മികവ് പുലർത്തി ബൗളർമാർ, മേഘാലയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ നിർണ്ണായക മത്സരത്തിൽ മേഘാലയെ തകർത്തുകൊണ്ട് നോക്കൗട്ട് യോഗ്യത ഏറെക്കുറെ ഉറപ്പിച്ച് കേരളം . മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും തകർത്തത്.

മത്സരത്തിൽ മേഘാലയയെ 100 റൺസിൽ ചുരുക്കികെട്ടിയ കേരളം 101 റൺസിൻ്റെ വിജയലക്ഷ്യം 12.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് 12 പന്തിൽ 27 റൺസും സച്ചിൻ ബേബി 24 പന്തിൽ 28 റൺസും നേടി തകർത്തടിച്ചു. വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഹരിയാനയെ പിന്നിലാക്കികൊണ്ടാണ് കേരളം രണ്ടാം സ്ഥാനത്തെത്തി. ജമ്മു കാശ്മീരും സർവീസസും തമ്മിലുളള മത്സരത്തിൽ സർവീസസ് വിജയിച്ചാൽ പോലും നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുവാൻ കേരളത്തിന് സാധിച്ചേക്കും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മേഘാലയക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. നാല് താരങ്ങൾക്ക് മാത്രമാണ് മേഘാലയൻ നിരയിൽ രണ്ടക്കം കടക്കുവാൻ സാധിച്ചത്.

കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ, മിഥുൻ എസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും മനു കൃഷ്ണൻ, ബേസിൽ തമ്പി, ആസിഫ് കെ എം, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.