Skip to content

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് നേടിയത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 17.1 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 2.1 ഓവറിൽ 6 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തീയാണ് ഓസ്ട്രേലിയയെ തകർത്തത്. മിച്ചൽ സാൻ്റ്നർ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെൻഡ് ബോൾട്ട് 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. 28 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വെല്ലാണ് ഓസ്ട്രേലിയൻ നിരയിലെ ടോപ്പ് സ്കോറർ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഫിൻ അലൻ സമ്മാനിച്ചത്. 4 ഓവറിനുള്ളിൽ 50 റൺസ് കിവികൾ നേടി. 16 പന്തിൽ 42 റൺസ് നേടിയാണ് യുവതാരം പുറത്തായത്. ഫിൻ അലൻ പുറത്തായ ശേഷം റൺസ് കണ്ടെത്താനുള്ള ജോലി ഏറ്റെടുത്ത ഡെവോൺ കോൺവേ 58 പന്തിൽ പുറത്താകാതെ 92 റൺസ് നേടി. 13 പന്തിൽ 26 റൺസ് നേടി ജിമ്മി നീഷവും തകർത്തടിച്ചതോടെയാണ് 200 റൺസ് കിവികൾ നേടിയത്.

ഒക്ടോബർ 25 ന് ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ഒക്ടോബർ 26 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലൻദിൻ്റെട് അടുത്ത മത്സരം.