സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കവെ ജോഷ് ഹേസൽവുഡിന് ലഭിച്ച എക്സ്പീരിയൻസ് ടി20 ലോകകപ്പിൽ തങ്ങൾക്കും ഗുണകരമായെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഫൈനലിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയത്. മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനമായിരുന്നു ജോഷ് ഹേസൽവുഡ് കാഴ്ച്ചവെച്ചത്.

( Picture Source : ICC T20 WORLD CUP )

ഫൈനലിൽ പ്രധാന ബൗളറായ മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 60 റൺസ് വഴങ്ങി മോശം പ്രകടനം പുറത്തെടുത്തപ്പോൾ നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡിന്റെ പ്രകടനമാണ് ന്യൂസിലാൻഡ് സ്കോർ 170 ൽ പിടിച്ചുനിർത്തിയത്. ആദ്യ സെമിഫൈനലിലെ ഹീറോ ഡാരൽ മിച്ചൽ, 85 റൺസ് നേടിയ തകർത്താടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ക്രീസിൽ നിലയുറപ്പിച്ചിരുന്ന ഗ്ലെൻ ഫിലിപ്‌സ് എന്നിവരെയാണ് ഹേസൽവുഡ് പുറത്താക്കിയത്. ഐ പി എൽ ഫൈനലിലും തകർപ്പൻ പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ഹേസൽവുഡ് പുറത്തെടുത്തത്. നാലോവറിൽ 29 റൺസ് വഴങ്ങിയ താരം 2 വിക്കറ്റുകൾ നേടിയിരുന്നു.

( Picture Source : IPL )

” ഹേസൽവുഡ് ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പിലെ പ്രധാനപ്പെട്ട താരമാണ്. ചെന്നൈ സൂപ്പർ കിങ്‌സിലെ എക്സ്പീരിയൻസ് അവൻ പങ്കുവെച്ചത് ഏറെ നിർണായകമായി. പ്രത്യേകിച്ച് ടൂർണമെന്റിന്റെ അവസാനത്തിൽ ഏത് ലെങ്തിലാണ് പന്തെറിയേണ്ടതെന്നതിലെല്ലാം അവൻ കൈമാറിയ വിവരങ്ങൾ വളരെയധികം ഗുണം ചെയ്തു. ഹാർഡ് ലെങ്തിലുള്ള പന്തുകളാണ് അവന്റെ പ്രത്യേകത, അതിൽ റൺസ് നേടുകയെന്നത് വളരെ ദുഷ്കരമാണ്. ” ഫിഞ്ച് പറഞ്ഞു.

( Picture Source : ICC T20 WORLD CUP )

ഫൈനലിൽ എട്ട് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 50 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും 38 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് വാർണറുടെയും മികവിലാണ് ഓസ്‌ട്രേലിയ വിജയം നേടിയത്.

( Picture Source : ICC T20 WORLD CUP )

മിച്ചൽ മാർഷാണ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച്. ലോകകപ്പിൽ മൂന്ന് ഫിഫ്റ്റിയടക്കം 48.17 ശരാശരിയിൽ 289 റൺസ് നേടിയ ഡേവിഡ് വാർണറാണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്.

( Picture Source : ICC T20 WORLD CUP )