Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് വില്യംസണ് ഒന്നാം സ്ഥാനം നഷ്ട്ടമായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വില്യംസൺ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.

( Picture Source : Twitter )

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 13,1 എന്നിങ്ങനെയായിരുന്നു കെയ്ൻ വില്യംസന്റെ പ്രകടനം. തുടർന്ന് പരിക്ക് മൂലം രണ്ടാം മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്നതോടെയാണ് ഒന്നാം സ്ഥാനം വില്യംസ്ണ് നഷ്ട്ടമായത്. 891 റേറ്റിങ് പോയിന്റാണ് സ്റ്റീവ് സ്മിത്തിനുള്ളത്. 886 പോയിന്റോടെ കെയ്ൻ വില്യംസൺ രണ്ടാം സ്ഥാനത്തും 878 പോയിന്റോടെ ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തുമാണ്.

( Picture Source : Twitter )

ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങിൽ നാലാം സ്ഥാനത്തെത്തി. 747 പോയിന്റ് വീതം നേടിയ റിഷഭ് പന്തും രോഹിത് ശർമ്മയുമാണ് ആറാം സ്ഥാനത്തുള്ളത്.

ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ഹെൻറി നിക്കോൾസ്, ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ബാറ്റ്സ്മാന്മാർ.

( Picture Source : Twitter )

ബൗളർമാരുടെ റാങ്കിങിൽ ആദ്യ അഞ്ചിൽ മാറ്റങ്ങളില്ല. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ന്യൂസിലാൻഡ് പേസർ ടിം സൗത്തീ, ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ്, ന്യൂസിലാൻഡ് പേസർ നെയ്ൽ വാഗ്‌നർ എന്നിവരാണ് റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ ജെയിംസ് ആൻഡേഴ്സനൊപ്പം ഏഴാം സ്ഥാനത്തെത്തി. സ്റ്റുവർട്ട് ബ്രോഡ് ആറാം സ്ഥാനത്തെത്തിയപ്പോൾ ജേസൺ ഹോൾഡർ 9 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മിച്ചൽ സ്റ്റാർക്കാണ് പത്താം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ 77 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റീവ് സ്മിത്ത് 61.8 ശരാശരിയിൽ 27 സെഞ്ചുറിയടക്കം 7,540 റൺസ് നേടിയിട്ടുണ്ട്‌. ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയും അതിനുമുൻപായി അഫ്ഘാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരവുമാണ് സ്റ്റീവ് സ്മിത്തിന്റെ അടുത്ത മത്സരം. കൈമുട്ടിനേറ്റ പരിക്ക് മൂലം വെസ്റ്റിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും നടക്കാനിരിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകളിൽ നിന്നും താരം പിന്മാറി.

( Picture Source : Twitter )