Skip to content

ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയെ തീർച്ചയായും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. യുവതാരം മൊഹമ്മദ് സിറാജ് മികച്ച ഫോമിലാണെങ്കിലും ഫൈനലിൽ ബുംറയ്ക്കും ഷാമിയ്ക്കുമൊപ്പം കളിക്കേണ്ടത് ഇഷാന്ത് ശർമ്മയാണെന്നും അതിന് പിന്നിലെ കാരണവും വസിം ജാഫർ വെളിപ്പെടുത്തി.

( Picture Source : Twitter )

ഇന്ത്യ 2-1 ന് വിജയിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മൊഹമ്മദ് സിറാജായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. മറുഭാഗത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ടെസ്റ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ ഇഷാന്ത് ശർമ്മ 303 വിക്കറ്റുകൾ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

” ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയും മൊഹമ്മദ് ഷാമിയും ടീമിലിടം ഉറപ്പിച്ചിട്ടുണ്ട്. അവർ മികച്ച ബൗളർമാരാണ്, പിന്നീട് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഇഷാന്ത് ശർമ്മയെയോ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെയോയാണ്. ” വസിം ജാഫർ പറഞ്ഞു.

” എന്റെ അഭിപ്രായത്തിൽ ഇവരിൽ ഇഷാന്ത് ശർമ്മയാണ് ഫൈനലിൽ കളിക്കേണ്ടത്. കാരണം മികച്ച എക്സ്പീരിയൻസ് ഇഷാന്ത് ശർമ്മയ്ക്കുണ്ട്. ഇംഗ്ലണ്ടിൽ ഇതിനുമുൻപ് കളിച്ചിട്ടുള്ള ഇഷാന്ത് മികച്ച പ്രകടനവും പുറത്തെടുത്തിട്ടുണ്ട്. ഇടം കയ്യൻ ബാറ്റ്‌സ്മാന്മാർക്കെതിരെ നന്നായി പന്തെറിയാൻ ഇഷാന്ത് ശർമ്മയ്ക്ക് സാധിക്കും. ന്യൂസിലാൻഡ് നിരയിൽ കുറച്ച് ഇടം കയ്യൻ ബാറ്റ്സ്മാന്മാരുണ്ട് . ” വസിം ജാഫർ പറഞ്ഞു.

( Picture Source : Twitter )

” ഇപ്പോഴത്തെ ഫോമിന്റെ അടിസ്‌ഥാനത്തിൽ സിറാജിനെ തിരഞ്ഞെടുക്കാൻ സമ്മർദ്ദമുണ്ടാകും, എന്നാൽ ഫൈനലിൽ കളിക്കേണ്ടത് ഇഷാന്ത് ശർമ്മ തന്നെയാണ്, 100 ടെസ്റ്റ് കളിച്ചിട്ടുള്ള ഒരാളെ ഒഴിവാക്കാൻ സാധിക്കില്ല. ” വസിം ജാഫർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും ബാറ്റ് ചെയ്യാൻ സാധിക്കുമെന്നതിനാൽ ഇരുവരെയും ഫൈനലിൽ കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വസിം ജാഫർ പറഞ്ഞു.

” രണ്ട് സ്പിന്നർമാരെയും കളിപ്പിക്കാവുന്നതാണ്, കാരണം ഇരുവർക്കും ബാറ്റിങിലും തിളങ്ങാൻ സാധിക്കും. ജഡേജയും അശ്വിനും ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ളവരാണ്. കൂടാതെ ഓഫ് സ്പിന്നറെയും ലെഫ്റ്റ് ആം സ്പിന്നറെയും കളിപ്പിക്കുന്നതിന്റെ ആനുകൂല്യവും ലഭിക്കും. നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും ബോൾ സ്പിൻ ചെയ്യുമെന്നതിനാൽ ഇരുവരുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണകരമാകും. ” വസിം ജാഫർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )