Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. ജൂൺ 18 മുതൽ 22 വരെ സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഇഷാന്ത് ശർമ്മയും മൊഹമ്മദ് സിറാജുമടക്കം അഞ്ച് പേസർമാരെ പതിനഞ്ചംഗ പ്രാഥമിക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

( Picture Source : Twitter )

ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ എന്നിവരാണ് ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാന്മാർ. മായങ്ക് അഗർവാളിനെ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ്‌ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവരാണ് ടീമിലെ മറ്റു ബാറ്റ്‌സ്മാന്മാർ. റിഷഭ് പന്തിനൊപ്പം വൃദ്ധിമാൻ സാഹയെയും വിക്കറ്റ് കീപ്പറായി പ്രാഥമിക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

( Picture Source : Twitter )

രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഓൾ റൗണ്ടർമാർ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച വാഷിങ്ടൺ സുന്ദറിനും ഷാർദുൽ താക്കൂറിനും ടീമിലിടം നേടാൻ സാധിച്ചില്ല. ജസ്‌പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.

( Picture Source : Twitter )

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീം

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ (vc), ഹനുമാ വിഹാരി, റിഷഭ് പന്ത്‌ (wk), വൃദ്ധിമാൻ സാഹ (wk), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്.

( Picture Source : Twitter )

ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിലും പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനൽ പോരാട്ടത്തിനായി ഇന്ത്യയെത്തുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ പരാജയപെടുത്തിയ ന്യൂസിലാൻഡ് തകർപ്പൻ ഫോമിലാണ്. എഡ്ബാസ്റ്റൺ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

( Picture Source : Twitter )