Skip to content

ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളും.

ഫൈനലിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണെങ്കിൽ ഇന്ത്യ ഒരു എക്സ്ട്രാ പേസ് ബൗളറെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ കാലയളവിലെ പ്രകടനം കണക്കിലെടുത്താൽ മൊഹമ്മദ് സിറാജാണ് അതിനുയോഗ്യനെന്നും നെഹ്റ പറഞ്ഞു.

( Picture Source : Twitter )

” ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചാണെങ്കിൽ തീർച്ചയായും ഒരു എക്സ്ട്രാ പേസറെ ടീമിൽ ഉൾപ്പെടുത്തണം. കഴിഞ്ഞ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൊഹമ്മദ് സിറാജാണ് അതിനുയോഗ്യൻ. അതല്ലയെങ്കിൽ ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി എന്നിവരായിരിക്കും ടീമിലെ ഫാസ്റ്റ് ബൗളർമാർ, ഒപ്പം സ്പിന്നർമാരായി ജഡേജയും അശ്വിനും. ” ആശിഷ് നെഹ്റ പറഞ്ഞു.

( Picture Source : Twitter )

” ഫൈനലിന് ഇനിയും ഒരു മാസമുണ്ട്. അതുകൊണ്ട് തന്നെ പരിശീലന ഘട്ടങ്ങളിലെ അവരുടെ പ്രകടനവും ഫിറ്റ്നസും കണക്കിലെടുക്കും. എന്നാൽ ഈ ബൗളിങ് നിരയുമായി ഇറങ്ങുന്നതിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നാൽ അശ്വിനും ജഡേജയ്ക്കും ബാറ്റ് കൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതാണ്. വാലറ്റം നേടുന്ന റൺസ് അമൂല്യമാണ്. ” ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇരുടീമുകൾക്കും മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടെങ്കിൽ കൂടിയും ഇന്ത്യൻ ബൗളർമാരായ ബുംറയ്ക്കും ഷാമിയ്ക്കും ഫ്ലാറ്റ് ട്രാക്കുകളിൽ തിളങ്ങാൻ സാധിക്കുമെന്നും നെഹ്റ പറഞ്ഞു.

( Picture Source : Twitter )

” തീർച്ചയായും മികച്ച ഫാസ്റ്റ് ബൗളർമാർ ഇന്ത്യയ്ക്കും ന്യൂസിലാൻഡിനുമുണ്ട്. എന്നാൽ നമ്മുടെ ബൗളർമാരെ നോക്കൂ. ബുംറയ്ക്കും ഷാമിയ്ക്കും ഫ്ലാറ്റ് പിച്ചുകളിൽ പോലും തിളങ്ങാൻ സാധിക്കും. ന്യൂസിലാൻഡിന്റെ കാര്യമെടുത്താൽ ട്രെൻഡ് ബോൾട്ട് ക്ലാസ് ബൗളറാണ്, നെയ്ൽ വാഗ്നർ മികച്ച പരിചയസമ്പത്തുള്ള ബൗളറാണ്. എന്നാൽ സ്വിങിന്റെ അഭാവമുണ്ടായാൽ ടിം സൗത്തീയെ പോലെയൊരു ബൗളർക്ക് തിളങ്ങാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. കെയ്ൽ ജാമിസൺ മികച്ച ബൗളറാണെങ്കിൽ കൂടിയും മതിയായ എക്‌സ്പീരിയൻസ് അവനില്ല. ” ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു.

( Picture Source : Twitter )