Skip to content

ഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്ത്തണമെങ്കിൽ അവനെ എത്രയും വേഗത്തിൽ പുറത്താക്കണം ; ഉമേഷ് യാദവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ജൂൺ 18 നാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിക്കറ്റായിരിക്കും ഫൈനലിൽ ഇന്ത്യയുടെ സാധ്യതകളെ നിർണയിക്കുകയെന്നും ന്യൂസിലാൻഡ് ശക്തമായ ടീമാണെന്നും ഉമേഷ് യാദവ് പറഞ്ഞു.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരെ 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 728 റൺസ് നേടിയിട്ടുള്ള കെയ്ൻ വില്യംസൺ ഐസിസി ടെസ്റ്റ് റാങ്കിങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 9 മത്സരങ്ങളിൽ നിന്നും 58.35 ശരാശരിയിൽ 817 റൺസ് നേടി തകർപ്പൻ പ്രകടനമാണ് വില്യംസൺ കാഴ്‌ച്ചവെച്ചത്.

( Picture Source : Twitter )

” കെയ്ൻ വില്യംസണെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. എന്നാൽ ഒരുപാട് ദൗർബല്യം കെയ്ൻ വില്യംസനില്ല. തീർച്ചയായും ഒരു മികച്ച ബോളിൽ ഏതൊരു ബാറ്റ്‌സ്മാനും പുറത്താകും. അതുകൊണ്ട് തന്നെ ഒരു ഫാസ്റ്റ് ബൗളറെന്ന നിലയിൽ നിങ്ങളുടെ കഴിവുകളിൽ ഉറച്ചുനിൽക്കാനും വിക്കറ്റ് നേടാനാകുന്ന കൂടുതൽ പന്തുകൾ എറിയാനും സാധിക്കണം. എത്രയും വേഗത്തിൽ കൂടുതൽ റൺസ് നേടാൻ അനുവദിക്കാതെ കെയ്ൻ വില്യംസണെ ഞങ്ങൾ പുറത്താക്കേണ്ടതുണ്ട്. തീർച്ചയായും അവന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ഒരുപാട് മുൻതൂക്കം നൽകും. ” ഉമേഷ് യാദവ് പറഞ്ഞു.

( Picture Source : Twitter )

” ന്യൂസിലാൻഡ് ശക്തമായ ടീമാണ്, മികച്ച ബാറ്റിങ് നിര അവർക്കുണ്ട്, അവരുടെ പേസ് നിര പരിചയസമ്പന്നരും ശക്തവുമാണ്. അതുകൊണ്ട് ഈ മത്സരം എളുപ്പമാകില്ല, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ന്യൂസിലാൻഡിനെ പോലെയൊരു ശക്തമായ ടീമും ഞങ്ങൾക്ക് വെല്ലുവിളിയാണ്. എന്നാൽ ഒരു ടെസ്റ്റ് പ്ലേയറെന്ന നിലയിൽ മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അച്ചടക്കത്തോടെ പിഴവുകളില്ലാതെ കളിക്കാൻ ഞങ്ങൾ ശ്രദ്ധിക്കണം. ” ഉമേഷ് യാദവ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടീമുകളുടെ പോരാട്ടം കൂടിയാണിത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

( Picture Source : Twitter )