Skip to content

ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്ത്‌ ; മുൻ ഇന്ത്യൻ താരം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്താണെന്ന് മുൻ ഇന്ത്യൻ താരവും മുൻ വിക്കറ്റ് കീപ്പറും കൂടിയായിരുന്ന സാബ കരിം. ഗാബ ടെസ്റ്റിൽ 97 റൺസ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചത്.

( Picture Source : Twitter )

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 11 മത്സരങ്ങളിൽ നിന്നും 41.37 ശരാശരിയിൽ 662 റൺസ് റിഷഭ് പന്ത്‌ നേടിയിരുന്നു. ഈ വർഷം മാത്രം കളിച്ച 6 മത്സരങ്ങളിൽ നിന്നും 64.37 ശരാശരിയിൽ 515 റൺസ് റിഷഭ് പന്ത്‌ നേടിയിരുന്നു. തകർപ്പൻ പ്രകടനത്തിന്റെ മികവിൽ പ്രഥമ ICC PLAYER OF THE MONTH പുരസ്‌കാരം പന്ത്‌ നേടിയിരുന്നു.

( Picture Source : Twitter )

” ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ റിഷഭ് പന്താണ് വലിയ പങ്കുവഹിച്ചതെന്ന കാര്യം മറക്കരുത്, ഫൈനലിലും വലിയ ഉത്തരവാദിത്വം അവനുണ്ട്. എന്റെ അഭിപ്രായത്തിൽ ഈ ഘട്ടത്തിൽ ഇന്ത്യയെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്താണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തന്റെ ജോലി നിർവഹിക്കാൻ അവന് സാധിച്ചു. ” കരിം പറഞ്ഞു.

( Picture Source : Twitter )

” ഇന്ത്യൻ ടെസ്റ്റ് ടീമിൽ റിഷഭ് പന്ത്‌ എത്തിയതോടെ മികച്ച കോമ്പിനേഷൻ ടീം കൈവരിച്ചു. റിഷഭ് പന്ത്‌ ഉള്ളതുകൊണ്ട് മാത്രം 5 ബൗളർമാരുമായി ഇറങ്ങാൻ കോഹ്ലി ധൈര്യപ്പെട്ടു. പന്തിനെ പോലെ ആശ്രയിക്കാൻ സാധിക്കുന്ന ബാറ്റ്‌സ്മാൻ ആറാമനായി ഉണ്ടെന്നും വേഗത്തിൽ റൺസ് നേടി മാച്ച് വിന്നറാകുവാൻ പന്തിന് സാധിക്കുമെന്നും കോഹ്ലിയ്ക്ക് ബോധ്യമുണ്ട്. ” മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായ സാബ കരിം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്നും 54.00 ശരാശരിയിൽ 270 റൺസ് നേടിയ പന്ത്‌ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് സിരീസിൽ 3 മത്സരങ്ങളിൽ നിന്നും 68.50 ശരാശരിയിൽ 274 റൺസ് നേടിയിരുന്നു. സിരീസിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോറർ കൂടിയായിരുന്നു റിഷഭ് പന്ത്‌. ജൂൺ 18 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്.

( Picture Source : Twitter )