Skip to content

ഹാഷിം അംലയുടെ റെക്കോർഡ് തകർത്ത് മെഗ് ലാന്നിങ്, വാർണറും കോഹ്ലിയും ബഹുദൂരം പിന്നിൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഓസ്‌ട്രേലിയൻ വുമൺസ് ടീം ക്യാപ്റ്റൻ മെഗ് ലാന്നിങിന് സ്വന്തം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹാഷിം അംലയെ പിന്നിലാക്കി ഈ റെക്കോർഡ് ലാന്നിങ് സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14 സെഞ്ചുറി നേടിയവർ

  1. മെഗ് ലാന്നിങ് – 82 ഇന്നിങ്സ്
  2. ഹാഷിം അംല – 84 ഇന്നിങ്സ്
  3. ഡേവിഡ് വാർണർ – 98 ഇന്നിങ്‌സ്
  4. വിരാട് കോഹ്ലി – 103 ഇന്നിങ്‌സ്
  5. ക്വിന്റൻ ഡീകോക്ക് – 104 ഇന്നിങ്സ്

മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. ന്യൂസിലാൻഡ് ഉയർത്തിയ 253 റൺസിന്റെ വിജയലക്ഷ്യം 45.1 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ലാന്നിങ് 96 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ 89 പന്തിൽ 82 റൺസ് നേടിയ റാച്ചേൽ ഹെയ്ൻസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ന്യൂസിലാൻഡിന് വേണ്ടി അമേലിയ കെർ മൂന്ന് വിക്കറ്റും ക്യാപ്റ്റൻ സോഫി ഡിവൈൻ രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരായ ഓസ്‌ട്രേലിയയുടെ തുടർച്ചയായ 20 ആം വിജയമാണിത്.