Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 92 റൺസ് നേടിയതോടെയാണ് സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ കോഹ്ലിക്ക് പിന്നിലെത്തിയത്. ഒമ്പത് പോയിന്റ് മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. കോഹ്ലിക്ക് 922 പോയിന്റും സ്മിത്തിന് 913 പോയിന്റുമാണുള്ളത്.

രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 378 റൺസ് ആഷസ് പരമ്പരയിലെ മൂന്ന് ഇന്നിങ്‌സിൽ നിന്നും സ്മിത്ത് നേടിയിരുന്നു. പരിക്ക് മൂലം രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് സ്മിത്തിന് നഷ്ട്ടപെട്ടിരുന്നു.

മറുഭാഗത്ത് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വില്യംസണ് 26 പോയിന്റുകൾ നഷ്ട്ടമായി. 887 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് വില്യംസൺ പിന്തള്ളപെട്ടു. 881 പോയിന്റോടെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയാണ് വില്യംസണ് പുറകിലുള്ളത്.

ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ ഡേവിഡ് വാർണർ റാങ്കിങിൽ ആദ്യ പത്തിൽ നിന്നും പുറത്തായി പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനും റാങ്കിങ്ങിൽ തിരിച്ചടിയേറ്റു. 31 പോയിന്റ് നഷ്ട്ടപെട്ട റൂട്ട് ആറാം സ്ഥാനത്തുനിന്നും ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്‌സ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 26 ആം സ്ഥാനത്തെത്തി.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി ആദ്യ പത്തിൽ ഇടം നേടി.