Skip to content

സ്മിത്തും വാർണറും ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും അവരെ ഒഴിവാക്കില്ല ; മാത്യൂ ഹെയ്ഡൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറിനെയും ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും ഒഴിവാക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡൻ. മാർച്ച് 29 നാണ് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്. അതിനുശേഷം നടക്കുന്ന പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലൂടെ ഓസ്‌ട്രേലിയൻ ടീമിലേക്ക് ഇരുവരും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഐ പി എല്ലിലൂടെ മത്സരപരിചയം വീണ്ടെടുത്ത് തിരിച്ചെത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിർദ്ദേശിക്കുകയായിരുന്നു.

” ഇത് സ്മിത്തിനും വാർണർക്കും ക്രിക്കറ്റ് കളിക്കാനുള്ള അവസരമാണ്. അവർ ലോകകപ്പ് ടീമിൽ ഉണ്ടാകും . ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാൽ പോലും അവരെ പുറത്താക്കില്ല. അവർ ലോകകപ്പ് ടീമിൽ ഉണ്ട് . ” ഹെയ്ഡൻ പറഞ്ഞു.

ഐ പി എല്ലിലെ മത്സരങ്ങൾ ബൗളർമാരെ മാത്രമേ ബാധിക്കുവെന്നും ബാറ്റ്സ്മാന്മാർക്ക് ജോലിഭാരം എന്നൊന്ന് ഇല്ലെന്നും എത്രത്തോളം ബാറ്റ് ചെയ്യുന്നു അത്രത്തോളം ബാറ്റ്സ്മാൻ മെച്ചപ്പെടുമെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു.