Skip to content

ഫോമിൽ തിരിച്ചെത്തി ഫിഞ്ച് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം . പാകിസ്ഥാൻ ഉയർത്തിയ 281 റൺസിന്റെ വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും ഷോൺ മാർഷിന്റെയും തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്ക് അനായാസ വിജയം സമ്മാനിച്ചത്. ഫിഞ്ച് 135 പന്തിൽ 116 റൺസ് നേടി പുറത്തായപ്പോൾ ഷോൺ മാർഷ് 102 പന്തിൽ 91 റൺസ് നേടി പുറത്താകാതെ നിന്നു .27 പന്തിൽ പുറത്താകാതെ 30 റൺസ് നേടിയ പീറ്റർ ഹാൻഡ്‌സ്കോംബ് മികച്ച പിന്തുണ നൽകി. പാകിസ്ഥാന് വേണ്ടി മൊഹമ്മദ് അബ്ബാസ്, ഫഹീം അഷറഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഉമർ അക്മൽ 50 പന്തിൽ 48 റൺസ് നേടി . ഓസ്‌ട്രേലിയക്ക് വേണ്ടി കോൾട്ടർ നൈൽ രണ്ടും ജൈ റിച്ചാർഡ്സൺ, നേഥൻ ലയൺ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി. മാർച്ച് 24 ന് ഇതേ വേദിയിലാണ് പരമ്പരയിലെ അടുത്ത മത്സരം.