Skip to content

തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെ വിലക്കിന്റെ കാലാവധി തീരാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് . കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ ആയിരുന്നിട്ട് കൂടി ബിസിസിഐയുടെ തീരുമാനത്തെ തുടർന്ന് ഡേവിഡ് വാർണർക്കൊപ്പം സ്റ്റീവ് സ്മിത്തിനും ഐപിഎല്ലിൽ കളിക്കാൻ സാധിച്ചിരുന്നില്ല . ഈ സീസണിലാകട്ടെ ലേലത്തിൽ വിടാതെ രാജസ്ഥാൻ റോയൽസ് സ്മിത്തിനെ നിലനിർത്തുകയും ചെയ്തു . ഇന്നലെ നടന്ന പിങ്ക് ജേഴ്സിയുടെ പ്രകാശന ചടങ്ങിനിടെയാണ് സ്മിത്തിനെതിരെ യാതൊരു രോഷവും തനിക്കോ ടീമംഗങ്ങൾക്കോ ഇല്ലെന്ന് രഹാനെ വ്യക്തമാക്കിയത് .

സ്റ്റീവ് സ്മിത്ത് എത്രത്തോളം മികച്ച പ്ലേയർ ആണെന്ന് നമുക്കെല്ലാവർക്കുമറിയാം അവൻ ഓസ്‌ട്രേലിയൻ ടീമിനും രാജസ്ഥാൻ റോയൽസിന് വേണ്ടിയും നടത്തിയ പ്രകടനങ്ങളും . തെറ്റുകൾ ആർക്കും സംഭവിക്കാം. കളിക്കാരെ പിന്തുണയ്ക്കുന്നതിൽ വിശ്വസിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ് . തീർച്ചയായും സ്നേഹത്തോടെ സ്മിത്തിനെ ഞങ്ങൾ സ്വാഗതം ചെയ്യും കാരണം അവൻ ഞങ്ങളുടെ പ്ലേയറാണ് ഞങ്ങളിലൊരുവനാണ് . എനിക്കുറപ്പുണ്ട് അവന്റെ പരിചയസമ്പത്ത് ഞങ്ങൾക്ക് ഗുണകരമാകുമെന്ന് . ” രഹാനെ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 69 മത്സരങ്ങൾ കളിച്ച സ്റ്റീവ് സ്മിത്ത് 37 ന് മുകളിൽ ശരാശരിയിൽ 1703 റൺസ് നേടിയിട്ടുണ്ട് .

ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ കൈമുട്ടിനേറ്റ പരിക്ക് മൂലം സർജറിയ്ക്ക് വിധേയനായ സ്മിത്ത് നിലവിൽ വിശ്രമത്തിലാണ് . ഈ സീസണിൽ സ്മിത്ത് കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല .