Skip to content

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളി സെവാഗിന്റെ പരസ്യം ; മുന്നറിയിപ്പുമായി മാത്യൂ ഹെയ്ഡൻ

ഓസ്‌ട്രേലിയൻ ടീമിനെ ട്രോളിയുള്ള സ്റ്റാർ സ്പോർട്സിന്റെ പരസ്യത്തിനെതിരെ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവർ പര്യടനത്തിന് മുൻപായി സ്റ്റാർ സ്പോർട്സ് തയ്യാറാക്കിയ പരസ്യത്തിൽ ഓസ്‌ട്രേലിയൻ ജേഴ്സിയണിഞ്ഞ കുട്ടികൾക്കൊപ്പം മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പ്രത്യക്ഷപെടുന്ന പരസ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു .

” ഞങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പോയപ്പോൾ കുട്ടികളെ നോക്കാമോയെന്ന് അവർ ചോദിച്ചു. ഞങ്ങൾ അവരോട് പറഞ്ഞു ഇങ്ങോട്ട് വരൂ ഞങ്ങൾ നോക്കാം പരസ്യത്തിൽ സെവാഗ് പറയുന്നു. ” ഓസ്‌ട്രേലിയൻ ടീമിനെ ദുർബലരായി ചിത്രീകരിക്കുന്ന ഈ പരസ്യം മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചു . പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് സെവാഗിയും സ്റ്റാർ സ്പോർട്സിനെയും മെൻഷൻ ചെയ്ത ഹെയ്ഡൻ ഓസ്‌ട്രേലിയൻ ടീമിനെ ഒരിക്കലും തമാശയായി കാണരുതെന്നും നിലവിൽ ആരാണ് ലോകകപ്പിനെ ബേബി സിറ്റ് ചെയ്യുന്നതെന്നോർക്കുന്നത് നല്ലതാണെന്നും ഹെയ്ഡൻ ട്വിറ്ററിൽ കുറിച്ചു.

ഈയടുത്തകാലത്ത് ക്രിക്കറ്റ് ആരാധകർക്കിടയിൽ സംസാരവിഷയമായ വാക്കാണ് ബേബി സിറ്റർ . ടെസ്റ്റ് പരമ്പരയ്ക്കിടയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ചൊടിപ്പിക്കാൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ക്യാപ്റ്റൻ ടിം പെയ്ൻ ഉപയോഗിച്ചതും ഇതേ വാക്കാണ് . ഏകദിനത്തിൽ ധോണിയെത്തുമ്പോൾ നിനക്ക് ജോലിയില്ലാതാകില്ലേ അതുകൊണ്ട് ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോൾ നിനക്കെന്റെ കുട്ടികളെ നോക്കാമോ എന്നായിരുന്നു പെയ്നിന്റെ ചോദ്യം .

അതേ മത്സരത്തിൽ തന്നെ പെയ്നിന് മറുപടി നൽകിയ പന്ത് പരമ്പരയ്ക്കിടെ ടിം പെയ്നിന്റെ ഭാര്യയ്ക്കും കുട്ടികൾക്കൊപ്പം ചിത്രമെടുക്കാനും തയ്യാറായി. പ്രൊഫഷണൽ ബേബി സിറ്റർ എന്ന് പറഞ്ഞാണ് ആ ചിത്രം പെയ്നിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.