Skip to content

പുറത്തായത് ഓവറിലെ ഏഴാം പന്തിൽ ; അമ്പയർക്ക് പറ്റിയത് വമ്പൻ അബദ്ധം

ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്‌സും സിഡ്‌നി സിക്സേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അമ്പയർമാർക്ക് പറ്റിയത് വമ്പൻ അമളി . പെർത്ത് ബാറ്റ്സ്മാൻ മൈക്കിൾ ക്ലിങ്ങർ ഓവറിലെ ഏഴാം പന്തിൽ പുറത്തായതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചത് . സംഭവം ഇങ്ങനെ മത്സരത്തിൽ 178 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവെ മൈക്കിൾ ക്ലിങ്ങർ രണ്ടാം ഓവറിൽ ബെൻ ഡാർഷൂയിസിന്റെ പന്തിൽ ഒക്കീഫിന് പിടിനൽകി പുറത്താവുകയായിരുന്നു. തുടർന്ന് തേർഡ് മാനിൽ ഒകീഫ്‌ എടുത്ത ക്യാച്ച് ക്ളീൻ ആയിരുന്നോവെന്ന് പരിശോധിച്ച അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു .എന്നാൽ ഓവറിലെ ഏഴാം പന്തിലാണ് പുറത്തായതെന്ന് ബാറ്റ്സ്മാനും അമ്പയറും മനസ്സിലാക്കിയില്ല .പിന്നീട് സ്‌കോർബോർഡ് പരിശോധിച്ചപ്പോഴാണ് ഈ വമ്പൻ അമളി പുറത്തായത് . സംഭവത്തെ വളരെ രൂക്ഷമായാണ് പെർത്ത് പരിശീലകൻ ആഡം വോഗ്സ് വിമർശിച്ചത്. ഇതൊരിക്കലും മാതൃകയല്ലെന്നും ഒരോവറിലെ പന്ത് എണ്ണേണ്ടത് അമ്പയരുടെ ജോലിയാണെന്നും വോഗ്സ് തുറന്നടിച്ചു .

എന്നാൽ ഭാഗ്യകേടിലും തകർപ്പൻ വിജയമാണ് പെർത്ത് സ്കോർച്ചേഴ്‌സ് നേടിയത്. 178 റൺസിന്റെ വിജയലക്ഷ്യം 7 പന്തും 7 വിക്കറ്റും ബാക്കി നിൽക്കെ പെർത്ത് മറികടന്നു . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുണ്ടായ വിലക്കിന് ശേഷം തിരിച്ചെത്തിയ ബാൻക്രോഫ്റ്റ് 61 പന്തിൽ 87 ഉം ആഷ്ടൻ ട്ടേണർ 30 പന്തിൽ 60 ഉം റൺസ് നേടി.