Skip to content

അവൻ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു !! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് ഗുർബാസ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിയ്ക്ക് പുറകെ പാക് ക്യാപ്റ്റൻ ബാബർ അസം കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നുവെന്ന് അഫ്ഗാൻ വിക്കറ്റ് കീപ്പർ റഹ്മനുള്ള ഗുർബാസ്.

മത്സരശേഷം തൻ്റെ ബാറ്റ് ബാബർ അസം ഗുർബാസിന് ഗിഫ്റ്റായി നൽകിയിരുന്നു. ആ വേളയിലും ബാബർ അസം വളരെ നിരാശനായിരുന്നുവെന്നും അത് തനിയ്ക്ക് മനസ്സിലായിരുന്നുവെന്നും ഗുർബാസ് പറഞ്ഞു.

” ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങൾ പാകിസ്ഥാനെ തോൽപ്പിച്ചു. അതിന് ശേഷം ബാബറിനോട് ബാറ്റ് ഞാൻ ഗിഫ്റ്റായി ചോദിച്ചു. ബാറ്റ് തരുന്ന വേളയിലും ബാബർ വളരെ നിരാശനായിരുന്നു. അതെനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണെന്ന് ഞാനും അനുഭവിച്ചിട്ടുണ്ട്. ”

” ബാബർ വളരെ സമ്മർദ്ദത്തിലായിരുന്നു. എനിക്കും വിഷമം തോന്നി. അവൻ ഏറ്റവും മികച്ച കളിക്കാരിലും ക്യാപ്റ്റന്മാരിലും ഒരാളാണ്. ഇത് ക്യാമറയുടെ മുൻപിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവൻ കരയാൻ പോവുകയായിരുന്നു. അവൻ അത്രത്തോളം നിരാശനായിരുന്നു, അങ്ങനെയൊരു പ്ലേയറെ ഞാൻ കണ്ടിട്ടില്ല. എല്ലാവരും അവന് എതിരായിരുന്നു. പക്ഷേ ഇതിൽ തളരാതെ മുൻപോട്ട് പോകുന്ന ബാബറിന് സല്യൂട്ട് നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ തകർന്നിട്ടില്ല. ” ഗുർബാസ് കൂട്ടിച്ചേർത്തു.