Skip to content

ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഫുട്ബോളിൽ സൗദിയെന്ന പോലെ ഐ പി എല്ലിലും കളിക്കാരെ ചാക്കിലാക്കാൻ ശ്രമം നടത്തി അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുജറാത്ത് ടൈറ്റൻസ് താരത്തെയും ട്രേഡ് ചെയ്യാൻ ഒരു ടീം ശ്രമം നടത്തിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ സിഇഒ.

ടീം മാനേജ്മെൻ്റിനെ ബന്ധപ്പെടുന്നതിന് പകരം പരിശീലകരുമായി ഒരു ഐ പി എൽ ടീം ബന്ധപെട്ടുവെന്നാണ് ഗുജറാത്ത് സി ഇ ഒ പറഞ്ഞത്. ഇതിനിടെ ഷാമിയെ ട്രേഡ് ചെയ്യാൻ ശ്രമിച്ചത് മുംബൈ ഇന്ത്യൻസ് തന്നെയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരികയാണ്.

ഐ പി എൽ നിയമപ്രകാരം ട്രേഡ് ചെയ്യുവാൻ എതിർടീമിലെ കളിക്കാരെ ബന്ധപെടുവാൻ ടീമുകൾക്ക് അവകാശമില്ല. ടീം മാനേജ്മെൻ്റ് വഴിമാത്രമ ബന്ധപെടാവൂവെന്നാണ് ഐ പി എൽ പോളിസി വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തിൽ മറ്റൊരു ടീമുമായി ബന്ധപ്പെട്ടതിന് രവീന്ദ്ര ജഡേജയെ ഒരു സീസണിൽ വിലക്കിയ ചരിത്രവും ഐ പി എല്ലിനുണ്ട്.

പ്രമുഖ ടീം ഇതെല്ലാം ലംഘിക്കുന്നുവെന്നാണ് ഗുജറാത്ത് ടൈറ്റൻസ് സി ഇ ഒ വ്യക്തമാക്കുന്നത്. ഐ പി എല്ലിലെ ഈ നിയമങ്ങൾ എല്ലാ ടീമുകൾക്കും മികച്ച കളിക്കാരെ സ്വന്തമാക്കാനുള്ള അവസരം നൽകുന്നുണ്ട്. ഈ നിയന്ത്രണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എല്ലാ സൂപ്പർതാരങ്ങളും ഒരു ടീമിൽ എത്തുന്ന കാഴ്ച്ചയ്ക്ക് ആരാധകർ സാക്ഷ്യം വഹിക്കേണ്ടിവന്നേനെ.