Skip to content

അത് ഞാൻ പരിഹരിക്കും !! വാർണർ ജോൺസൺ തർക്കത്തിൽ ഇടപെടാൻ ഒരുങ്ങി റിക്കി പോണ്ടിങ്

ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണറും മിച്ചൽ ജോൺസണും തമ്മിലുള്ള തർക്കത്തിൽ താൻ പരിഹാരം കണ്ടെത്തുമെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മോശം ഫോമിലും വാർണറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ ജോൺസൺ എതിർപ്പ് ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ഇതിന് പിന്നാലെ മിച്ചൽ ജോൺസനെതിരെ വാർണറിൻ്റെ മാനേജറും ചില ഓസീസ് താരങ്ങളും രംഗത്തെത്തിയിരുന്നു. ആറോ ഏഴോ മാസം മുൻപ് വാർണർ തനിക്ക് മോശപെട്ട വാക്കുകൾ പ്രയോഗിച്ച് സന്ദേശം അയച്ചുവെന്നും അതുകൊണ്ട് തന്നെയാണ് ഇപ്പോൾ വാർണറിനെതിരെ താൻ വിമർശനം ഉന്നയിച്ചതെന്നും ജോൺസൺ പിന്നീട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഇടപെടാൻ റിക്കി പോണ്ടിങ് തീരുമാനിച്ചത്.

” തീർച്ചയായും ഈ ഘട്ടത്തിൽ ഞാൻ ഇടപെടേണ്ടതായി വരും. മാധ്യമങ്ങളിൽ ഇത് തുടരുന്നത് തടഞ്ഞ് ഞാനൊരു മധ്യസ്ഥനായി മാറേണ്ടതുണ്ട്. ഒരു മുറിയിൽ ഇരുന്നുകൊണ്ട് അവരിത് സംസാരിച്ചുതീർക്കണം. അവർ രണ്ട് പേരും തീക്ഷ്ണമായ കഥാപാത്രങ്ങളാണ്. ഇപ്പോൾ ഉയർന്നുവന്ന പ്രശ്നം ഇപ്പോൾ വീണ്ടും പുറകോട്ട് പോകുന്നു. ” റിക്കി പോണ്ടിങ് പറഞ്ഞു.

പാകിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുവാൻ ഒരുങ്ങുകയാണ് വാർണർ. അതിനിടെയാണ് വാർണറിന് വിടവാങ്ങൽ പരമ്പര നൽകുന്നതിൽ ജോൺസൺ എതിർപ്പ് പ്രകടിപ്പിച്ചത്.