Skip to content

ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡെന്ന് ഏറെകുറെ ഉറപ്പായി. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയെ അനായാസം തകർത്തുകൊണ്ടാണ് ന്യൂസിലൻഡ് സെമി യോഗ്യത ഏറെകുറെ ഉറപ്പാക്കിയത്.

ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ന്യൂസിലൻഡിൻ്റെ അഞ്ചാം വിജയമാണിത്.

ഇനി ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയിച്ചാലും പാകിസ്ഥാന് സെമിഫൈനലിൽ പ്രവേശിക്കാനാകില്ല. ഇംഗ്ലണ്ടിനെതിരെ 335 റൺസിനെങ്കിലും വിജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമിയിൽ പ്രവേശിക്കാൻ സാധിക്കൂ. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ആ സാധ്യതയും ഇല്ലാതെയാകും. മറുഭാഗത്ത് അഫ്ഗാനിസ്ഥാൻ ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

മുംബൈയിൽ നടക്കുന്ന സെമിഫൈനലിലായിരിക്കും ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുക. ഈഡൻ ഗാർഡൻസിലായിരിക്കും ഓസ്ട്രേലിയ സൗത്താഫ്രിക്ക പോരാട്ടം നടക്കുക.

പാകിസ്ഥാൻ അഭിമാന പോരാട്ടത്തിനായി ഇറങ്ങുമ്പോൾ ചാമ്പ്യൻസ് ട്രോഫി യോഗ്യത ലക്ഷ്യം വെച്ചായിരിക്കും ഇംഗ്ലണ്ട് മത്സരത്തിന് ഇറങ്ങുക. പാകിസ്ഥാനെ പരാജയപെടുത്തിയാൽ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഇംഗ്ലണ്ടിന് ഉറപ്പിക്കാൻ സാധിക്കും.