Skip to content

അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടൂർണമെൻ്റിൽ ആധിപത്യം തുടരുന്ന ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ മറ്റു ടീമുകൾക്ക് നിർദ്ദേശവുമായി മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്.

ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളിൽ എട്ടിലും വിജയിച്ചുകൊണ്ടാണ് ഇന്ത്യ വിജയകുതിപ്പ് തുടരുന്നത്. അവസാന മത്സരം നെതർലൻഡ്സിനെയാണ് ഇന്ത്യ നേരിടുന്നത്. ഒരു ടീമിനും കാര്യമായ വെല്ലുവിളി ഇന്ത്യയ്ക്ക് മുൻപിൽ ഉയർത്തുവാൻ സാധിച്ചിട്ടില്ല.

ഇന്ത്യ ചേസിങിൽ അതിശക്തമാണെങ്കിൽ കൂടിയും ടോസ് നേടിയാൽ ബാറ്റിങ് തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഗിൽക്രിസ്റ്റിൻ്റെ നിർദ്ദേശം. ചേസ് മാസ്റ്റർ കോഹ്ലിയുള്ള ഇന്ത്യയ്ക്ക് ചേസിങിൽ യാതൊരു കുറവുകളും ഇല്ലെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് ആദ്യം ബാറ്റ് ചെയ്യുന്നതെന്നാണ് ഗിൽക്രിസ്റ്റ് നിർദ്ദേശിച്ചിരിക്കുന്നത്.

ഫ്ലഡ് ലൈറ്റിൽ മൊഹമ്മദ് ഷാമി, ബുംറ, സിറാജ് എന്നിവർ ഉയർത്തുന്ന വെല്ലുവിളി ചൂണ്ടികാട്ടികൊണ്ടാണ് ഈ നിർദ്ദേശം ഗിൽക്രിസ്റ്റ് മുൻപോട്ട് വെച്ചിരിക്കുന്നത്. പകൽ വെളിച്ചത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയ്ക്കെതിരെ ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാനാകുമെന്നും പക്ഷേ ഫ്ലഡ് ലൈറ്റിൽ അത് സാധ്യമല്ലയെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഈ ലോകകപ്പിലെ ശക്തരായ ടീമുകളിൽ ഒന്നായ സൗത്താഫ്രിക്കയെ വെറും 83 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. സെമിഫൈനലിലേക്ക് വരുമ്പോൾ ന്യൂസിലൻഡായിരിക്കും ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാന് കണക്കുകളിൽ സാധ്യതയുണ്ടെങ്കിലും അത്ഭുതം നടന്നാൽ മാത്രമെ നെറ്റ് റൺ റേറ്റിൽ കിവികളെ പിന്നിലാക്കുവാൻ പാകിസ്ഥാന് സാധിക്കൂ.