Skip to content

തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാൻ. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇബ്രാഹിം സദ്രാൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാൻ നേടിയത്.

മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാൻ താരമെന്ന ചരിത്രറെക്കോർഡ് ഇബ്രാഹിം സദ്രാൻ സ്വന്തമാക്കിയിരുന്നു. മത്സരത്തിന് മുൻപായി ഇന്നലെ സച്ചിൻ ടെണ്ടുൽക്കർ അഫ്ഗാൻ താരങ്ങൾക്കൊപ്പം സമയം ചിലവഴിച്ചിരുന്നു.

സെഞ്ചുറിയ്ക്ക് ശേഷം ബ്രോഡ്കാസ്റ്ററോട് സംസാരിക്കവെയാണ് സച്ചിൻ ടെണ്ടുൽക്കർക്ക് ഇബ്രാഹിം സദ്രാൻ നന്ദി പറഞ്ഞത്. ഇന്നലെ സച്ചിൻ ടെണ്ടുൽക്കറുമായി കണ്ടുമുട്ടിയിരുന്നുവെന്നും സച്ചിൻ്റെ നിർദ്ദേശങ്ങൾ എന്നെ വളരെയധികം സഹായിച്ചുവെന്നും 24 വർഷം കളിച്ചതിൻ്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചതിൽ അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ഇബ്രാഹിം സദ്രാൻ പറഞ്ഞു.

മത്സരത്തിൽ ഇബ്രാഹിം സദ്രാൻ 143 പന്തിൽ 8 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 129 റൺസ് നേടിയിരുന്നു. താരത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് അഫ്ഗാനിസ്ഥാൻ അടിച്ചുകൂട്ടി.