Skip to content

തകർപ്പൻ സെഞ്ചുറി !! ചരിത്രനേട്ടവുമായി ഇബ്രാഹിം സദ്രാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം ഇബ്രാഹിം സദ്രാൻ. മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാനിസ്ഥാൻ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

143 പന്തിൽ 8 ഫോറും 3 സിക്സും അടക്കം 129 റൺസ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന് വേണ്ടി തിളങ്ങിയത്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. അതിനൊപ്പം ഏകദിന ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമെന്ന ചരിത്ര നേട്ടവും ഇബ്രാഹിം സദ്രാൻ സ്വന്തമാക്കി.

ഇബ്രാഹിം സദ്രാനൊപ്പം 17 പന്തിൽ 2 ഫോറും 3 സിക്സും നേടിയ റാഷിദ് ഖാൻ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ സ്കോർ 290 റൺസ് കടന്നത്. 9 ഓവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹേസൽവുഡ് മാത്രമാണ് ഓസീസ് ബൗളർമാരിൽ തിളങ്ങിയത്.