Skip to content

ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് ! വിമർശനങ്ങളോട് പ്രതികരിച്ച് ഷാക്കിബ് അൽ ഹസൻ

ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസിൻ്റെ വിവാദ പുറത്താകലിന് പുറകെ വലിയ വിമർശനമാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. മാത്യൂസ് തൻ്റെ പക്ഷം വ്യക്തമാക്കിയിട്ടും ഷാക്കിബ് തീരുമാനവുമായി മുൻപോട്ട് പോയിരുന്നു. മത്സരശേഷം ഇക്കാര്യത്തിൽ ഷാക്കിബ് പ്രതികരിക്കുകയും ചെയ്തു.

മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈമിഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി മാത്യൂസ് മാറിയിരുന്നു. മുൻ ബാറ്റ്സമാൻ പുറത്തായി മാത്യൂസ് ക്രീസിലെത്താൻ വൈകുകയും ക്രീസിൽ എത്തിയ ശേഷം ഹെൽമറ്റിലെ തകരാർ ശ്രദ്ധയിൽ പെട്ട താരം മറ്റൊരു ഹെൽമെറ്റിന് ആവശ്യപെടുകയും ഇതിനിടെ ഷാക്കിബ് അപ്പീൽ ചെയ്യുകയുമായിരുന്നു.

മൽസരത്തിനിടെ തന്നെ പലകുറി ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. മത്സരശേഷം ബംഗ്ളാദേശ് താരങ്ങൾക്ക് ഹസ്തദാനവും ശ്രീലങ്ക നടത്തിയില്ല.

” ഫീൽഡർമാരിൽ ഒരാൾ ഇപ്പോൾ അപ്പീൽ ചെയ്താൽ അവൻ പുറത്താകുമെന്ന് എന്നോട് പറഞ്ഞു. അതിന് ശേഷം ഞാൻ അപ്പീൽ ചെയ്യുകയും അമ്പയർമാർ ഗൗരവമാണോ അതോ അപ്പീൽ പിൻവലിക്കുന്നോ എന്ന് ചോദിച്ചു. പക്ഷേ ഇത് നിയമത്തിൽ ഉള്ളതാണ്. “

” ഇത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ല. ഞാൻ യുദ്ധത്തിലാണ്. എൻ്റെ ടീമിനെ വിജയിപ്പിക്കാൻ കഴിയുന്ന തീരുമാനം എനിക്ക് എടുക്കേണ്ടതുണ്ട്. ഇതിൽ ചർച്ചകൾ ഉണ്ടാകും. പക്ഷേ നിയമത്തിൽ ഉള്ളതാണെങ്കിൽ ഈ അവസരം വിനിയോഗിക്കുന്നതിൽ തെറ്റില്ല. ” ഷാക്കിബ് മത്സരശേഷം പറഞ്ഞു.