Skip to content

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് നേടി. രചിൻ രവീന്ദ്ര സെഞ്ചുറി നേടിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വെറും 5 റൺസ് അകലെ അർഹിച്ച സെഞ്ചുറി നഷ്ടമായി.

ബംഗ്ളാദേശിനെതിരായ മത്സരത്തിൽ വിരലിൽ പരിക്ക് കൊണ്ട് പരിക്കേറ്റ വില്യംസണ് നാല് മത്സരങ്ങൾ നഷ്ടപെട്ടിരുന്നു. ഇതിൽ മൂന്നിലും ന്യൂസിലൻഡ് പരാജയപെടുകയും ചെയ്തു. പക്ഷേ നിർണായക മൽസരത്തിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ഗംഭീര പ്രകടനം തന്നെ പുറത്തെടുത്തു. 79 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പടെ 95 റൺസ് നേടിയാണ് വില്യംസൻ പുറത്തായത്.

മറുഭാഗത്ത് രച്ചിൻ രവീന്ദ്ര തൻ്റെ മൂന്നാം സെഞ്ചുറി മത്സരത്തിൽ നേടി. 94 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പടെ 108 റൺസ് നേടിയാണ് രച്ചിൻ രവീന്ദ്ര പുറത്തായത്. ഗ്ലെൻ ഫിലിപ്സ് 41 റൺസ് നേടി അവസാന ഓവറുകളിൽ തകർത്തടിച്ചു.

പത്തോവറിൽ 60 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് വാസിം ഒഴിച്ചുനിർത്തിയാൽ മറ്റ് പാക് ബൗളർമാർക്ക് മത്സരത്തിൽ തിളങ്ങുവാനായില്ല.