Skip to content

അഫ്ഗാൻ ക്രിക്കറ്റ് പുതിയ ഉയരങ്ങളിൽ ! ചരിത്രത്തിൽ ആദ്യമായി അതും നടന്നു

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിജയം നേടികൊണ്ട് ഈ ലോകകപ്പിലെ നാലാം വിജയം അഫ്ഗാൻ നേടിയിരുന്നു. സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയതിനൊപ്പം വിജയത്തോടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു അഭിമാനനേട്ടവും അഫ്ഗാൻ സ്വന്തമാക്കി.

ലോകകപ്പിലെ നാലാം വിജയത്തോടെ 2025 ൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയ്ക്ക് അഫ്ഗാനിസ്ഥാൻ യോഗ്യത നേടി. ചരിത്രത്തിൽ ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാൻ യോഗ്യത നേടുന്നത്.

2017 ന് ശേഷം നടക്കുന്ന ആദ്യ ചാമ്പ്യൻസ് ട്രോഫിയാണിത്. പാകിസ്ഥാനാണ് 2025 ൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ ആതിഥേയർ. ആതിഥേയരായ പാകിസ്ഥാൻ അടക്കം പോയിൻ്റ് ടേബിളിൽ ആദ്യ ഏഴിലെത്തുന്ന ടീമുകളായിരിക്കും എട്ട് ടീമുകൾ കളിക്കുന്ന ടൂർണമെൻ്റിന് യോഗ്യത നേടുക.

ലോകകപ്പിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ് എന്നീ ടീമുകളെയാണ് അഫ്ഗാനിസ്ഥാൻ പരാജയപെടുത്തിയത്. പോയിൻ്റ് ടേബിളിൽ എട്ട് പോയിൻ്റോടെ അഞ്ചാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്. ഇനി ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നീ ടീമുകൾക്കെതിരെയാണ് അഫ്ഗാനിസ്ഥാന് മത്സരങ്ങൾ ഉള്ളത്.