Skip to content

ആവേശം അവസാന പന്ത് വരെ !! ഒടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പ് ആവേശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 389 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടാനെ സാധിച്ചുള്ളൂ.

89 പന്തിൽ 9 ഫോറും 5 സിക്സും അടക്കം 116 റൺസ് നേടിയ രച്ചിൻ രവീന്ദ്രയാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. രച്ചിൻ രവീന്ദ്ര പുറത്തായ ശേഷം മത്സരം കൈപിടിയിൽ ഒതുക്കിയെന്ന് ഓസ്ട്രേലിയ കരുതിയെങ്കിലും 39 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 58 റൺസ് നേടിയ ജിമ്മി നീഷം ഓസ്ട്രേലിയയെ വിറപ്പിക്കുകയായിരുന്നു. എന്നാൽ മികച്ച ഫീൽഡിംഗ് പ്രകടനത്തിലൂടെയും ബൗളിംഗ് പ്രകടനത്തിലൂടെയും ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ മികവിലാണ് വമ്പൻ സ്കോർ നേടിയത്. 59 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 67 പന്തിൽ 10 ഫോറും 7 സിക്സും അടക്കം 109 റൺസ് നേടിയാണ് പുറത്തായത്. ഡേവിഡ് വാർണർ 65 പന്തിൽ 81 റൺസും മാക്സ്വെൽ 24 പന്തിൽ 41 റൺസും പാറ്റ് കമ്മിൻസ് 14 പന്തിൽ 37 റൺസും നേടി.

ന്യൂസിലൻഡിന് വേണ്ടി പത്തോവറിൽ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്പ്സാണ് മികവ് പുലർത്തിയത്.