Skip to content

ഇത് തുടർന്നാൽ ഇനി ബൗളർമാർ ഉണ്ടാകില്ല !! മുന്നറിയിപ്പുമായി ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമങ്ങളിൽ മാറ്റം വരുത്തിയില്ലയെങ്കിൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഗംഭീർ നൽകിയിരിക്കുന്നത്.

ഫുട്ബോളിൻ്റെ പാതയിലേക്ക് ക്രിക്കറ്റും നീങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പല കളിക്കാരും രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ചുകൊണ്ട് ഫ്രാഞ്ചൈസികളുമായി വമ്പൻ കരാറുകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട്, ജേസൺ റോയ്, ജിമ്മി നീഷം അടക്കമുളള താരങ്ങൾ കരാർ വേണ്ടെന്ന് വെച്ചിരുന്നു. ലോകകപ്പ് പോലുളള വമ്പൻ ഇവൻ്റുകളിൽ മാത്രമായിരിക്കും ഈ താരങ്ങൾ രാജ്യത്തിനായി കളിക്കുക.

വമ്പൻ താരങ്ങൾ പ്രത്യേകിച്ചും ബൗളർമാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഭാവിയിൽ വിട്ടുനിൽക്കുമെന്നും അതുകൊണ്ട് തന്നെ നിയമങ്ങൾ ബൗളർമാർക്ക് കൂടെ അനുകൂലമാക്കേണ്ടത് അത്യാവശ്യമാണെന്നും ഗംഭീർ പറഞ്ഞു.

രണ്ട് ന്യൂ ബോളുകൾ ഉപയോഗിക്കാൻ തുടങ്ങിയതും പവർപ്ലേയിൽ 30 യാർഡ് സർക്കിളിന് പുറത്തെ ഫീൽഡർമാരുടെ എണ്ണം രണ്ടാക്കി ചുരുക്കിയതും കളിയെ തന്നെ ഇല്ലാതാക്കിയെന്നും ഇത് ഇനിയും തുടർന്നാൽ ബൗളർമാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുമെന്നും ഒരു സഹായവും നൽകാതെ അവരെ ബൗളിംഗ് മേഷീനുകളെ പോലെയാക്കിയെന്നും ഗംഭീർ തുറന്നടിച്ചു.