Skip to content

അത് വ്യാജ പരിക്ക് ! ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാക് താരം ഷദാബ് ഖാനെതിരെ ആരോപണവുമായി മുൻ താരങ്ങൾ രംഗത്ത്. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ ഷദാബ് ഖാന് തലയ്ക്ക് പരിക്ക് പറ്റുകയും കൺകഷൻ സബ്ബായി ഉസാമ മിർ എത്തുകയും ചെയ്തിരുന്നു.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ കൺകഷൻ സബ്ബാണ് ഉസാമ മിർ. പകരക്കാരനായി എത്തി രണ്ട് വിക്കറ്റ് നേടാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഷദാബ് ഖാൻ്റെ വ്യാജ പരിക്കാണെന്ന ആരോപണമാണ് മുൻ താരങ്ങളായ സോഹൈൽ തൻവീറും ഉമർ ഗുല്ലും ഉയർത്തിയിരിക്കുന്നത്.

ഷദാബ് പരിക്ക് എന്താണെന്ന് മനസ്സിലാകുന്നില്ലയെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചോദ്യങ്ങൾ ഉയർത്തേണ്ടത് ആവശ്യമാണെന്നും ഉമർ ഗുൽ പറഞ്ഞു.

” നമ്മുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു. അതിലെനിക്ക് വിഷമമുണ്ട്. എല്ലാ പ്രതീക്ഷകളും ഇന്നത്തെ ദിവസത്തോടെ അവസാനിച്ചു. തൻവീർ പറഞ്ഞതുപോലെ ഷദാബിന് എന്ത് പരിക്കാണ് പറ്റിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പക്ഷേ നിർണായക ചോദ്യങ്ങൾ നിങ്ങൾ നേരിടേണ്ടിവരും. അവന് കൺകഷൻ ഉണ്ടായെന്ന് പറയുന്നു, ഉത്തരവാദിത്വങ്ങളിൽ നിന്നും രക്ഷപെട്ട് അവൻ പുറത്തുപോകുന്നു. “

” ഫിസിയോ പരിശോധിച്ച ശേഷം തിരിച്ചുവരുന്നു, കുറച്ചാളുകളോട് സാംസരിച്ച ശേഷം പുറത്തുപോകുന്നു. മത്സരം പാകിസ്ഥാന് അനുകൂലമായെന്ന് കണ്ടപ്പോൾ ഡഗൗട്ടിന് പുറത്തെത്തി ടീമിനായി ആർപ്പുവിളിക്കുന്നു. ഇതിനർഥം അത് വ്യാജമെന്നാണ്. അവൻ അവനെ തന്നെ രക്ഷിക്കുകയായിരുന്നു. ആളുകൾക്ക് സംശയം തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. ” ഉമർ ഗുൽ പറഞ്ഞു.