Skip to content

ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപെട്ട താരം ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് തിരിച്ചെത്തിയത്. പതിവ് പോലെ തുടക്കം മുതൽ തകർത്തടിച്ച താരം അതിവേഗത്തിൽ സെഞ്ചുറി നേടി. കൂട്ടിന് വാർണറും കൂടിയതോടെ തകർപ്പൻ തുടക്കം ഓസീസിന് ലഭിച്ചു.

ഓപ്പണിങ് കൂട്ടുകെട്ടിൽ വാർണറിനൊപ്പം ചേർന്ന് 175 റൺസ് ഹെഡ് കൂട്ടിച്ചേർത്തു. ആദ്യ 10 ഓവറിൽ 118 റൺസാണ് ധർമ്മശാലയിൽ ഇരുവരും അടിച്ചുകൂട്ടിയത്.

വെറും 25 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 59 പന്തിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കി. 67 പന്തിൽ 10 ഫോറും 7 സിക്സും ഉൾപ്പടെ 109 റൺസ് നേടിയാണ് ട്രാവിസ് ഹെഡ് പുറത്തായത്. മറുഭാഗത്ത് 38 പന്തിൽ ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ 65 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പടെ 81 റൺസ് അടിച്ചുകൂട്ടി.

ലോകകപ്പിന് മുൻപായി നടന്ന സൗത്താഫ്രിക്കൻ പര്യടനത്തിനിടെയാണ് ട്രാവിസ് ഹെഡിന് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയെങ്കിൽ കൂടിയും താരത്തെ ഓസ്ട്രേലിയ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയിൽ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ആഴ്‌ച്ചയാണ് ലോകകപ്പിനായി ഇന്ത്യയിൽ എത്തിയത്.