Skip to content

അതിലൊന്നും കാര്യമില്ല ! ബാബർ അസമിൻ്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് ഗൗതം ഗംഭീർ

ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിന് പുറകെ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിൽ കൂടിയും പാകിസ്ഥാന് വിജയം നേടാൻ സാധിച്ചില്ല.

നേരത്തെ താൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ബാബർ അസമിൻ്റെ പ്രകടനം കാണാനാണെന്ന് ഗംഭീർ തുറന്നുപറഞ്ഞിരുന്നു. ഈ ലോകകപ്പിൽ ബാബർ അസം മൂന്നോ നാലോ സെഞ്ചുറി നേടുമെന്നും ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ദയനീയ പ്രകടനമാണ് ബാബർ കാഴ്ച്ചവെച്ചത്. രണ്ട് ഫിഫ്റ്റി നേടിയെങ്കിൽ കൂടിയും പാകിസ്ഥാന് വിജയം നേടികൊടുക്കാൻ ബാബർ അസമിന് സാധിച്ചില്ല.

കഴിഞ്ഞ രണ്ട് വർഷമായി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാനാണ് ബാബർ അസം. എന്നാൽ റാങ്കിങിലും റെക്കോർഡുകളിലും യാതൊരു കാര്യമില്ലയെന്നും ടീമിനെ ജയിപ്പിക്കുന്നയാളാണ് നമ്പർ വൺ ബാറ്റ്സ്മാനെന്നും ഗംഭീർ പറഞ്ഞു.

” ബാബർ അസം ഇത് വരെ ടീമിന് ഫലപ്രദമായ ഇന്നിങ്സുകൾ ഒന്നും തന്നെ കളിച്ചിട്ടില്ല. ഈ റെക്കോർഡുകളിലും റാങ്കിങിലും യാതൊരു കാര്യവുമില്ല. ടീമിനെ വിജയിപ്പിക്കുന്നയാളാണ് യഥാർത്ഥ നമ്പർ വൺ ” സ്റ്റാർ സ്പോർട്ട്സിന് വേണ്ടി സംസാരിക്കവെ ഗംഭീർ പറഞ്ഞു.

6 മത്സരങ്ങളിലും രണ്ട് വിജയം മാത്രം നേടി നിലവിൽ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. ഇനി ബംഗ്ളാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരെയാണ് പാകിസ്ഥാന് മത്സരങ്ങളുള്ളത്.