Skip to content

വീണ്ടും കൂറ്റൻ സ്കോർ ! തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും കൂറ്റൻ സ്കോറുമായി ഓസ്ട്രേലിയ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലും 350 കടന്നതോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഓസ്ട്രേലിയ സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.2 ഓവറിൽ 388 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഡേവിഡ് വാർണറും ഹെഡും 175 റൺസ് കൂട്ടിച്ചേർത്തു. പത്തോവറിൽ മാത്രം 118 റൺസാണ് ഓസ്ട്രേലിയ നേടിയത്.

പരിക്കിൽ നിന്നും മുക്തനായ ആദ്യ ലോകകപ്പ് മത്സരം കളിച്ച ഹെഡ് വെറും 59 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. 67 പന്തിൽ 10 ഫോറും 7 സിക്സും ഉൾപ്പടെ 109 റൺസ് നേടിയാണ് ഹെഡ് പുറത്തായത്. ഡേവിഡ് വാർണർ 65 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പടെ 81 റൺസ് നേടി.

മധ്യഓവറുകളിൽ ന്യൂസിലൻഡ് ശക്തമായി തിരിച്ചെത്തിയെങ്കിലും 24 പന്തിൽ 41 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 28 പന്തിൽ 38 റൺസ് നേടിയ ജോഷ് ഇംഗ്ലീഷ്, 14 പന്തിൽ 37 റൺസ് നേടിയ പാറ്റ് കമ്മിൻസ് എന്നിവർ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് 388 റൺസ് ഓസ്ട്രേലിയ നേടിയത്.

പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡ് ബൗളർമാരിൽ തിളങ്ങിയത്. ട്രെൻഡ് ബോൾട്ട് തൻ്റെ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നേടി.

തുടർച്ചയായ മൂന്നാം തവണയാണ് ഓസ്ട്രേലിയ 350+ റൺസ് സ്കോർ ചെയ്‌യുന്നത്. പാകിസ്ഥാനെതിരെ ബാംഗ്ലൂരിൽ 367 റൺസ് നേടിയ ഓസീസ് കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെതിരെ 399 റൺസ് നേടിയിരുന്നു. ഇതോടെ ഏകദിന ചരിത്രത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ 350+ റൺസ് നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി.