Skip to content

ജയ് ശ്രീ ഹനുമാൻ ! പാകിസ്ഥാനെ തോൽപ്പിച്ച ശേഷം പ്രതികരിച്ച് കേശവ് മഹാരാജ്

ഈ ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനാണ് ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പാകിസ്ഥാനെ ഒരു വിക്കറ്റിനാണ് സൗത്താഫ്രിക്ക പരാജയപെടുത്തിയത്. സൗത്താഫ്രിക്കൻ വിജയത്തിന് ശേഷമുള്ള കേശവ് മഹാരാജിൻ്റെ പോസ്റ്റ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്.

മത്സരത്തിൽ 271 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റുകളും നേടി പാകിസ്ഥാൻ ഒരു ഘട്ടത്തിൽ വിജയത്തിന് അടുത്തെത്തിയിരുന്നു. എന്നാൽ പാക് പേസർമാരുടെ തീപാറും പന്തുകളെ കേശവ് മഹാരാജും ഷംസിയും അതിജീവിക്കുകയായിരുന്നു. പിന്നീട് മൊഹമ്മദ് നവാസിനെതിരെ ബൗണ്ടറി നേടി കേശവ് മഹാരാജ് ടീമിനെ വിജയത്തിലെത്തിച്ചു.

” ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു, ഇത് സവിശേഷമായ വിജയമാണ്. ഷംസിയുടേയും മാർക്രത്തിൻ്റെയും പ്രകടനങ്ങൾ അതിശയകരമായിരുന്നു. ജയ് ശ്രീ ഹനുമാൻ ” സോഷ്യൽ മീഡിയയിൽ കേശവ് മഹാരാജ് കുറിച്ചു.

ഇക്കുറി ക്രിക്കറ്റ് ആവേശത്തിനൊപ്പം മതവും ചർച്ചയായത് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ മൊഹമ്മദ് റിസ്വാൻ നമാസ് നടത്തിയതോടെയാണ്. മത്സരശേഷം വിജയം ഗാസയിലെ സഹോദരങ്ങൾക്ക് വേണ്ടിയാണെന്നും റിസ്വാൻ പറഞ്ഞിരുന്നു. റിസ്വാനെ വിമർശിച്ചും അനുകൂലിച്ചും ഇതിന് ശേഷം ചർച്ചകൾ നടന്നിരുന്നു. ഇതിന് ശേഷമാണ് പിന്നീട് റിസ്‌വാന് കാണികളിൽ ഒരു കൂട്ടർ ജയ്ശ്രീരറാം വിളിച്ചത്. എന്നാൽ അതൊഴിച്ചുനിർത്തിയാൽ മികച്ച പിൻതുണ പാക് ടീമിന് ഇന്ത്യൻ കാണികളിൽ നിന്നും ലഭിച്ചിരുന്നു.