Skip to content

ബിഗ് ഷോ ഈസ് ബാക്ക് ! ലോകകപ്പിൽ അതിവേഗ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ. വെറും 40 പന്തിൽ നിന്നുമാണ് തകർപ്പൻ സെഞ്ചുറി മാക്സ്‌വെൽ കുറിച്ചത്. മാക്സ്‌വെല്ലിൻ്റെയും വാർണറുടെയും മികവിൽ പടുകൂറ്റൻ സ്കോർ ഓസ്ട്രേലിയ നേടി.

തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ നഷ്ടപെട്ട ശേഷമാണ് ഓസ്ട്രേലിയ മേധാവിത്വം പുലർത്തിയത്. ഡേവിഡ് വാർണർ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് ഈ ലോകകപ്പിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടി. സ്റ്റീവ് സ്മിത്ത് 68 പന്തിൽ 71 റൺസും വാർണർ 93 പന്തിൽ 104 റൺസും നേടി പുറത്തായി.

മാർനസ് ലാബുഷെയ്ൻ 47 പന്തിൽ 62 റൺസ് നേടി പുറത്തായി. ജോഷ് ഇംഗ്ലീഷിനെയും കാമറോൺ ഗ്രീനിനെയും പുറത്താക്കി നെതർലൻഡ്സ് തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും മാക്സ്വെൽ തകർത്താടിയതോടെ ഓസ്ട്രേലിയ പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ചു. 27 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ മാക്സ്‌വെൽ 40 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. 44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 106 റൺസ് നേടിയാണ് മാക്സ്‌വെൽ പുറത്തായത്.

ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ചുകൂട്ടി.