Skip to content

മാർക്രത്തിൻ്റെ റെക്കോർഡിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം ! ആ വമ്പൻ റെക്കോർഡ് ഇനി മാക്സിക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് ഓസ്ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്സ്വെൽ. ഡൽഹിയിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിവേഗ സെഞ്ചുറി മാക്സ്‌വെൽ നേടിയത്. ഇതോടെ ലോകകപ്പിലെ വമ്പൻ റെക്കോർഡ് മാക്സ്‌വെൽ സ്വന്തം പേരിലാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ചുകൂട്ടി. മാക്സ്‌വെല്ലിനൊപ്പം തുടർച്ചയായ രണ്ടാം സെഞ്ചുറി നേടികൊണ്ട് വാർണറും ഓസ്ട്രേലിയക്കായി തിളങ്ങിയിരുന്നു. വാർണർ 93 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 104 റൺസ് നേടിയപ്പോൾ സ്മിത്ത് 68 പന്തിൽ 71 റൺസും ലാബുഷെയ്ൻ 47 പന്തിൽ 62 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ വാർണർ ആ കലിപ്പ് ഇക്കുറി തീർക്കുകയായിരുന്നു. 27 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ വാർണർ പിന്നീട് 13 പന്തിൽ തകർത്താടി 40 പന്തിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കി. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.

ഏതാനും ദിവസം മുൻപ് ഇതേ വേദിയിൽ ശ്രീലങ്കയ്ക്കെതിരെ 49 പന്തിൽ സെഞ്ചുറി നേടിയ ഐയ്ഡൻ മാർക്രത്തിൻ്റെ റെക്കോർഡാണ് മാക്സ്വെൽ തകർത്തത്. 49 ആം ഓവറിലെ രണ്ട് ഫോറും പിന്നീട് തുടർച്ചയായി മൂന്ന് സിക്സും പറത്തികൊണ്ടാണ് മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 44 പന്തിൽ 106 റൺസ് നേടിയാണ് മാക്സ്വെൽ പുറത്തായത്.

ഇതിന് മുൻപ് 2015 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 51 പന്തിൽ മാക്സ്വെൽ സെഞ്ചുറി നേടിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറിയാണത്. 2011 ൽ ഇംഗ്ലണ്ടിനെതിരെ 51 പന്തിൽ സെഞ്ചുറി നേടിയ മുൻ അയർലൻഡ് താരം കെവിൻ ഒബ്രയനാണ് മൂന്നാം സ്ഥാനത്തുള്ളത്.