Skip to content

അതിൽ അവൻ്റെ സ്വാധീനവും ഉണ്ടാകും !! അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ പരാജയപെടുത്തി ചരിത്രവിജയം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം സ്വന്തമാക്കിയത്. അഭിമാന വിജയം നേടിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.

മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്.

അഫ്ഗാനിസ്ഥാൻ്റെ ഈ പ്രകടനത്തിൽ ഒരു പങ്ക് മുൻ ഇന്ത്യൻ താരം അജയ് ജഡേജയും വഹിച്ചിട്ടുണ്ടാകാമെന്നാണ് സച്ചിൻ പറഞ്ഞിരിക്കുന്നത്. എല്ലാ മേഖലകളിലും അവർ കാണിച്ച മികവ് അഫ്ഗാൻ്റെ കഠിനാധ്വാനത്തെ കാണിച്ചുതരുന്നുവെന്നും സച്ചിൻ പറഞ്ഞു.

” ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ബാറ്റിങിൽ അവർ കാണിച്ച അച്ചടക്കം, അവരുടെ അഗ്രസീവ് റണ്ണിങ് ഇതെല്ലാം അവരുടെ കഠിനാധ്വാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിൽ അജയ് ജഡേജയുടെ സ്വാധീനവും ഉണ്ടാകാം. ഈ മികച്ച ബൗളിങ് ലൈനപ്പിനൊപ്പം ഇംഗ്ലണ്ട്, പാകിസ്ഥാൻ തുടങ്ങിയ ടീമുകൾക്കെതിരെ നേടിയ വിജയം പുതിയ അഫ്ഗാൻ ടീമിൻ്റെ ആവിർഭാവത്തെയാണ് സൂചിപ്പിക്കുന്നത്.” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

ഈ ലോകകപ്പിന് മുൻപായാണ് അജയ് ജഡേജയെ ടീമിൻ്റെ ഉപദേശകനായി അഫ്ഗാനിസ്ഥാൻ നിയമിച്ചത്. അജയ് ജഡേജയുടെ എക്സ്പീരിയൻസ് ഇന്ത്യയിൽ കൂടുതൽ മികവ് പുറത്തെടുക്കാൻ അഫ്ഗാൻ ടീമിനെ സഹായിച്ചിട്ടുണ്ട്.