Skip to content

ഇതിനെ കുറിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്! പാകിസ്ഥാൻ ടീമിനെതിരെ വിമർശനനവുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി പാക് ഇതിഹാസം വസീം അക്രം.

ചെന്നൈയിൽ നടന്ന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിൻ്റെ തോൽവി പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഈ ലോകകപ്പിലെ പാകിസ്ഥാൻ്റെ തുടർച്ചയായ മൂന്നാം തോൽവി കൂടിയാണിത്. തോൽവിയേക്കാൾ ഉപരി പാക് താരങ്ങളുടെ ഫിറ്റ്നസിനെയാണ് വസീം അക്രം ചോദ്യം ചെയ്തത്.

മത്സരത്തിൽ പാകിസ്ഥാൻ ഏറ്റുവാങ്ങിയ തോൽവി ലജ്ജാകരമാണെന്നും 283 റൺസിൻ്റെ വിജയലക്ഷ്യം അഫ്ഗാനിസ്ഥാൻ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നത് ഒരിക്കലും ചെറിയ കാര്യമല്ലയെന്നും പിച്ച് എങ്ങനെയുള്ളതാണെങ്കിലും പാകിസ്ഥാൻ്റെ ഫീൽഡിംഗ് പരിതാപകരമായിരുന്നുവെന്നും വസീം അക്രം തുറന്നടിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി കളിക്കാർ ആരും തന്നെ ഫിറ്റ്നസ് ടെസ്റ്റിന് വിധേയരായിട്ടില്ലയെന്ന് കഴിഞ്ഞ നാല് ആഴ്ചകളായി താൻ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വ്യക്തിഗത പേരുകൾ എടുത്തുപറയാൻ തുടങ്ങിയാൽ പലർക്കും തല കുനിക്കേണ്ടിവരുമെന്നും ഈ താരങ്ങൾ ദിവസവും എട്ട് കിലോ ബിരിയാണി തിന്നുന്നത് പോലെയാണ് തനിയ്ക്ക് തോന്നുന്നതെന്നും ഫീൽഡിങ് എന്നത് ഫിറ്റ്നസിനെ ആശ്രയിച്ചാണ് ഉള്ളതെന്നും വസീം അക്രം തുറന്നടിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിൽ നെതർലൻഡ്സിനെയും ശ്രീലങ്കയെയും പാകിസ്ഥാൻ പരാജയപെടുത്തിയിരുന്നു. പിന്നീട് ഇന്ത്യയ്ക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാൻ ബാംഗ്ലൂരിൽ വെച്ചുനടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെയും പരാജയം ഏറ്റുവാങ്ങിയിരുന്നു. നിലവിൽ നാല് പോയിൻ്റോടെ പോയിൻറ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ ഉള്ളത്. ഇനി സൗത്താഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ളാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് പാകിസ്ഥാന് മത്സരങ്ങൾ ഉള്ളത്.