Skip to content

ഈ തോൽവി പ്രതീക്ഷിച്ചതാണ് ! പാകിസ്ഥാൻ്റെ പരാജയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥൻ പാകിസ്ഥാനെ പരാജയപെടുത്തിയതിൽ അത്ഭുതമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് അഫ്ഗാൻ കുറിച്ചത്. കാര്യമായ വെല്ലുവിളി അഫ്ഗാന് മുൻപിൽ വെയ്ക്കാൻ പോലും പാകിസ്ഥാന് സാധിച്ചില്ല.

74 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 49 ഓവറിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ അഫ്ഗാനിസ്ഥാൻ്റെ ആദ്യ വിജയമാണിത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് 53 പന്തിൽ 65 റൺസും ഇബ്രാഹിം സദ്രാൻ 113 പന്തിൽ 87 റൺസും റഹ്മത് ഷാ 84 പന്തിൽ 77 റൺസും ഹഷ്മതുള്ള ഷാഹിദി 45 പന്തിൽ 48 റൺസും നേടി.

ഏകദിനത്തിൽ പാകിസ്ഥാനെതിരായ അഫ്ഗാൻ്റെ ആദ്യ വിജയം ആണെങ്കിൽ കൂടിയും പാകിസ്ഥാൻ പരാജയപെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നുവെന്ന് ഔദ്യോഗിക X അക്കൗണ്ടിൽ സെവാഗ് കുറിച്ചു.

” പാകിസ്താൻ പ്രവചനാതീതമായ ടീം തന്നെയാണ്. പക്ഷേ അവരുടെ മുൻ തോൽവികൾക്ക് മുടന്തൻ ന്യായങ്ങൾ നിരത്തിയപ്പോൾ തന്നെ ഈ തോൽവി പ്രതീക്ഷിച്ചതാണ്. അവരുടെ ബലഹീനതകളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അഫ്ഗാനെ സംബന്ധിച്ച് ഇത് അഭിമാനകരമായ ദിനമാണ്. പലതവണ അവർ വിജയത്തിനരികെ എത്തിയിരുന്നു. ഇക്കുറി അവരത് മറികടന്നു. ” വീരേന്ദർ സെവാഗ് കുറിച്ചു.