Skip to content

സെഞ്ചുറിയുമായി ഡീകോക്ക് തകർത്താടി ക്ലാസനും മില്ലറും! വീണ്ടും പടുകൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ കൂറ്റൻ സ്കോറുമായി സൗത്താഫ്രിക്ക. ഡീകോക്കിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക കുറിച്ചത്. അവസാന ഓവറുകളിൽ ക്ലാസനും മില്ലറും തകർത്താടുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് അടിച്ചുകൂട്ടി.

മികച്ച തുടക്കമല്ല മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് ലഭിച്ചത്. 36 റൺസ് എടുക്കുന്നതിനിടെ ഹെൻഡ്രിക്സിനെയും റാസി വാൻഡർ ഡൂസനെയും സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ മാർക്രവും ഡീകോക്കും ചേർന്നാണ് ടീമിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മാർക്രം 69 പന്തിൽ 60 റൺസ് നേടിയപ്പോൾ ഈ ലോകകപ്പിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയ ഡീകോക്ക് 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് അടിച്ചുകൂട്ടി.

ഹെൻറിച്ച് ക്ലാസൻ തൻ്റെ ഫോം തുടർന്നപ്പോൾ മില്ലറും ഫോമിലെത്തിയതോടെ കൂറ്റൻ സ്കോറിലേക്ക് സൗത്താഫ്രിക്ക കുതിച്ചത്. ക്ലാസൻ 49 പന്തിൽ 2 ഫോറും 8 സിക്സും അടക്കം 90 റൺസ് നേടിയാണ് പുറത്തായത്. ഡേവിഡ് മില്ലർ 14 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 34 റൺസ് അടിച്ചുകൂട്ടി.

നേരത്തെ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ 399 റൺസ് അടിച്ചുകൂട്ടിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 50 ഓവറിൽ 428 റൺസും സൗത്താഫ്രിക്ക നേടിയിരുന്നു.