Skip to content

ഇതിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു ! പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച് മൊഹമ്മദ് നബി

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ശേഷം പാകിസ്ഥാനെയും പരാജയപെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിലാണ് അഫ്ഗാൻ മറികടന്നത്. 53 പന്തിൽ 65 റൺസ് നേടിയ റഹ്മനുള്ള ഗുർബാസ്, 113 പന്തിൽ 87 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ, 84 പന്തിൽ 77 റൺസ് നേടിയ റഹ്മത് ഷാ, 45 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ ഷാഹിദി എന്നിവരുടെ മികവിലാണ് അനായാസം അഫ്ഗാൻ വിജയം കുറിച്ചത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ പരാജയപെടുത്തുന്നത്. ലോകകപ്പ് പോലെയൊരു വലിയ ഇവൻ്റിൽ പാകിസ്ഥാനെ പരാജയപെടുത്താൻ പത്തിലേറെ വർഷമായി തങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നും ഈ വിജയം ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തേക്കാൾ പ്രിയപെട്ടതാണെന്നും മത്സരശേഷം അഫ്ഗാൻ സീനിയർ താരം മൊഹമ്മദ് നബി പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടിയിരുന്നു. 74 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്ഥാനായി തിളങ്ങിയത്. അഫ്ഗാന് വേണ്ടി ലോകകപ്പ് അരങ്ങേറ്റം കുറിച്ച നൂർ അഹമ്മദ് മൂന്ന് വിക്കറ്റും നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റും നേടി.