Skip to content

ഇത് അഫ്ഗാൻ വീര്യം ! പാകിസ്ഥാനെ തകർത്ത്
അഭിമാന വിജയവുമായി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 283 റൺസിൻ്റെ വിജയലക്ഷ്യം 49 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു.

തകർപ്പൻ തുടക്കമാണ് റഹ്മനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും പാകിസ്ഥാന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 130 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗുർബാസ് 53 പന്തിൽ 9 ഫോറും ഒരു സിക്സും അടക്കം 65 റൺസ് നേടിയപ്പോൾ ഇബ്രാഹിം സദ്രാൻ 113 പന്തിൽ 83 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദി 45 പന്തിൽ 48 റൺസും റഹ്മത് ഷാ 84 പന്തിൽ 77 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 92 പന്തിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെയും 58 റൺസ് നേടിയ ഷഫീഖിൻ്റെയും മികവിലാണ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടിയത്.

റാഷിദ് ഖാനും മുജീബ് റഹ്മാനും വിക്കറ്റ് നേടാൻ സാധിക്കാതെ വന്നപ്പോൾ പത്തോവറിൽ 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ നൂർ അഹമ്മദാണ് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയത്. നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റും മൊഹമ്മദ് നബി, അസ്മതുള്ള എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ രണ്ടാം വിജയവും പാകിസ്ഥാൻ്റെ തുടർച്ചയായ മൂന്നാം തോൽവിയും ആണിത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാൻ പിന്നീട് ഇന്ത്യയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും പരാജയപെട്ടിരുന്നു.