Skip to content

ധോണിയല്ല ! ഏറ്റവും മികച്ച ഫിനിഷർ അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വിജയം നേടികൊടുത്ത കിംഗ് കോഹ്ലി ന്യൂസിലൻഡിനെതിരെയും ഗംഭീര പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ ഈ പ്രകടനത്തിന് പുറകെ കോഹ്ലിയെ പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ.

ന്യൂസിലൻഡിനെതിരെ 274 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 104 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 95 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

വിരാട് കോഹ്ലി ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് മാത്രമല്ല ഏറ്റവും മികച്ച ഫിനിഷർ കൂടിയാണെന്ന് മത്സരശേഷം പ്രശംസിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്ട്സിൽ സംസാരിക്കവെയാണ് കോഹ്ലിയെ ഗംഭീർ പ്രശംസിച്ചത്. കോഹ്ലിയേക്കാൾ മികച്ച ഫിനിഷർമാർ വേറെയില്ലയെന്നും ആറാമനായോ ഏഴാമനായോ ഇറങ്ങിയതുകൊണ്ട് മികച്ച ഫിനിഷർ ആവുകയില്ലെന്നും കോഹ്ലിയൊരു ചേസ് മാസ്റ്ററാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.

മത്സരത്തിലെ പ്രകടനത്തോടെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായും കോഹ്ലി മാറി. അഞ്ച് മത്സരങ്ങളിൽ നിന്നും 118.00 ശരാശരിയിൽ 354 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 311 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്തുള്ളത്. തുടർച്ചയായ അഞ്ചാം വിജയം കുറിച്ചതോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.