Skip to content

വീണ്ടും കിങ് കോഹ്ലി ! ന്യൂസിലൻഡിനെയും തകർത്ത് ഇന്ത്യയുടെ വിജയകുതിപ്പ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ഇന്ത്യ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരെ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 റൺസിൻ്റെ വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 104 പന്തിൽ 95 റൺസ് നേടിയ കിങ് കോഹ്ലിയുടെ മികവിലാണ് വീണ്ടും ഇന്ത്യ വിജയം കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 40 പന്തിൽ 46 റൺസ് നേടിയപ്പോൾ ഗിൽ 26 റൺസും ശ്രേയസ് അയ്യർ 33 റൺസും കെ എൽ രാഹുൽ 27 റൺസും സൂര്യകുമാർ യാദവ് രണ്ട് റൺസും നേടി പുറത്തായപ്പോൾ രവീന്ദ്ര ജഡേജ 39 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 50 ഓവറിൽ 273 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 127 പന്തിൽ 9 ഫോറും അഞ്ച് സിക്സും ഉൾപ്പടെ 130 റൺസ് നേടിയ ഡാരൽ മിച്ചലും 87 പന്തിൽ 75 റൺസ് നേടിയ രച്ചിൻ രവീന്ദ്രയും മാത്രമാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന മൊഹമ്മദ് ഷാമി പത്തോവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി.