Skip to content

തിരിച്ചുവരവിൽ അഞ്ച് വിക്കറ്റ് ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്നും ഒഴിവാക്കപെട്ട ശേഷമുള്ള തൻ്റെ തിരിച്ചുവരവിൽ അതിഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി. പരിക്ക് മൂലം ഹാർദിക്ക് പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് മൊഹമ്മദ് ഷാമിയ്ക്ക് അവസരം ഒരുങ്ങിയത്.

ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ ഷാമി എറിഞ്ഞുവീഴ്ത്തുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് നിശ്ചിത 50 ഓവറിൽ 273 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

മത്സരത്തിൽ 10 ഓവറുകൾ എറിഞ്ഞ ഷാമി 54 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർക്കും നേടാനാകാത്ത റെക്കോർഡാണ് ഷാമി സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിലെ ഷാമിയുടെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. മറ്റൊരു ഇന്ത്യൻ ബൗളർക്കും ഇതിന് മുൻപ് ഒന്നിൽ കൂടുതൽ തവണ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല. മത്സരത്തിൽ വിൽ യങ്, രച്ചിൻ രവീന്ദ്ര, ഡാരൽ മിച്ചൽ, മിച്ചൽ സാൻ്റ്നർ, മാറ്റ് ഹെൻറി എന്നിവരുടെ വിക്കറ്റുകളാണ് ഷാമി നേടിയത്.

ഇതിന് മുൻപ് കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പത്തോവറിൽ 69 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ഷാമി നേടിയിരുന്നു.