Skip to content

ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഓസ്ട്രേലിയ. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 62 റൺസിന് പരാജയപെടുത്തിയാണ് ഈ ലോകകപ്പിലെ രണ്ടാം വിജയം ഓസ്ട്രേലിയ നേടിയത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 368 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.3 ഓവറിൽ 305 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 71 റൺസ് നേടിയ ഇമാം ഉൾ ഹഖും 64 റൺസ് നേടിയ അബ്ദുള്ള ഷഫീഖും മികച്ച തുടക്കം സമ്മാനിച്ചുവെങ്കിലും മധ്യഓവറുകളിൽ ഗംഭീര തിരിച്ചുവരവ് ഓസ്ട്രേലിയ നടത്തി.

ഓസ്ട്രേലിയക്കായി ആഡം സാംപ നാല് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിൻ്റെയും മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 259 റൺസ് വാർണറും മാർഷും കൂട്ടിച്ചേർത്തു.

ഡേവിഡ് വാർണർ 124 പന്തിൽ 14 ഫോറും 9 സിക്സും ഉൾപ്പടെ 163 റൺസ് നേടിയപ്പോൾ മിച്ചൽ 108 പന്തിൽ 10 ഫോറും 9 സിക്സും ഉൾപ്പടെ 121 റൺസ് അടിച്ചുകൂട്ടി. എന്നാൽ അവസാന ഓവറുകളിൽ റൺസ് കണ്ടെത്താൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് നേടി.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് എട്ടോവറിൽ 83 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഒക്ടോബർ 23 ന് അഫ്ഗാനിസ്ഥാനെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. ഒക്ടോബർ 25 ന് നെതർലൻഡ്സിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.